Tears of a Blue Rose...

Monday, August 30, 2010

ആഴങ്ങളില്‍

കാടും മേടും കടലും ഭുഖണ്ഡങ്ങളും താണ്ടിയ ഒരു യാത്ര...വിമാനം പൊങ്ങി പറന്നപ്പോള്‍ എന്‍റെ മത്രുഭൂമി എന്നോട് എന്തെല്ലാമോ പറയാന്‍ വാക്കുകള്‍ തിരയുന്ന പോലെ...പിന്നെ അകലങ്ങള്‍ വര്‍ദ്ദിച്ചപ്പോള്‍ ആ സാന്ത്വന സ്പര്‍ശവും ആ മുക്ത സുഗന്ധവും എവിടയോ വച്ച് നഷ്ടപെട്ട പോലെ..നിയമങ്ങള്‍ അനുസരിച്ച് ചലിക്കുന്ന മനുഷ്യരുടെ നാട്ടിലേക്ക്..


ദിവസങ്ങള്‍ പട്ടിണികിടന്നു കിട്ടിയ ഭക്ഷണത്തിനോടുള്ള ആവേശം പോലെ നാം വാരിവലിച്ചു അനുഭവിച്ച സ്വാതന്ത്ര്യത്തിന്‍റ നാട്ടില്‍ നിന്നും നിയമവും സ്വാതന്ത്ര്യവും കൈകോര്‍ത്ത ഒരു സമ്പന്ന രാഷ്ട്രത്തിലേക്ക്... അദ്രിശ്യമായ ഏകാധിപതി പോലെ കര്‍ക്കശമായ നിയമങ്ങള്‍. ഇവിടുത്തെ കാറ്റിനുപോലും അറിയാം നിയമങ്ങള്‍.          ചില്ലിട്ട ജാലകത്തിനപ്പുറം   ഒരു ചിത്രകാരന്‍റെ മനോഹരമായ സൃഷ്ടി പോലെ നിശ്ചലമായ പ്രകൃതി. കര്‍ക്കശമായ നിയമങ്ങളെ പരിഹസിച്ചു സമയം തെറ്റി എത്തുന്ന രാവും പകലും പിന്നെ ഋതുക്കളും...

"എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങള്‍ മാത്രം"എന്ന് കവി പാടിയ പോലെ എവിടെ നോക്കിയാലും അവിടെ എല്ലാം പച്ചപുതപ്പു       വിരിച്ചപോലെ പുല്‍മേടുകള്‍,      തഴച്ചു വളരുന്നവൃക്ഷലതാതികള്‍, ശിഖരങ്ങള്‍ക്ക് ഭാരമായ് കുനുകുനെ വിരിഞ്ഞുനില്‍ക്കുന്ന പൂക്കളും, സമൃദ്ധമായ ഫലമൂലാദികളും, വൃത്തിയുള്ള റോഡുകളില്‍ ഒരു കണക്കാശാരിയുടെ കണിശതയോടെ നിയമങ്ങളെ വരച്ചു കാട്ടുന്ന pavement markക്കുകള്‍,    എവിടെയും പുഞ്ചിരിക്കുന്ന മുഖങ്ങളും, നിത്യയൌവ്വനങ്ങളും.. അങ്ങനെ പോകുന്നു ഇവിടുത്തെ മനോഹരമായ കാഴ്ചകള്‍.


ഈ സ്വസ്ഥമാം നിത്യയൌവ്വനഹരിതാഭയില്‍ എന്നില്‍ എന്തെല്ലാമോ അസ്വസ്ഥകല്‍ നിറച്ചു കൊണ്ട് ഒരു സ്ത്രീ രൂപം മനസ്സിലേക്കു കടന്നു വരുന്നു.ഇറനണിഞ്ഞ ആ കണ്ണുകള്‍ എന്നെത്തന്നെ ഉറ്റു നോക്കുന്നുവോ?


                                                                


ചെറുപ്പത്തിലെ വാര്‍ധക്യം ഏറ്റുവാങ്ങിയ വിധവയെപോലെ ദേഹമാകെ പൊട്ടി ഒലിക്കുന്ന വൃണങ്ങളും, മുഷിഞ്ഞ വേഷവും, ഒട്ടിയ കവിളുകളും, കണ്ണീരു വറ്റിയ കണ്ണുകളുമായി അവള്‍...കൌരവസദസ്സില്‍ അപമാനിതയായ പാഞ്ചാലിയുടെ ആത്മ രോക്ഷമുണ്ടോ ആ കണ്ണുകളില്‍?ചിതലരിച്ചുപോയ ഒരു പ്രൌവ്ഡവും കുലീനവുമായ സംസ്കാരത്തിന്‍റെ തീരാവ്യഥയുണ്ടോ ആ ഹൃദയത്തില്‍? ശിലയാം അഹല്യപോലെ ഒരു ശാപമോക്ഷത്തിനായി കേഴുന്നുണ്ടോ ആ ശിലാഹൃദയവും? അറിയില്ല... എന്‍റെ മത്രുരാജ്യമെ നിന്‍റെ രക്തത്തില്‍ എനിക്കും പങ്കുണ്ടാകാം , നിന്‍റെ വൃണങ്ങളില്‍ ഞാനും പുഴുക്കള്‍ വിതറിയിരിക്കാം....എങ്കിലും എന്നില്‍... നിനക്ക്    മാത്രം പകരാന്‍   കഴിയുന്ന     സാന്ത്വനം പോലെ,  നിന്നില്‍ അടിയുറച്ചു ആഴ്ന്നിറങ്ങിയ എന്‍റെ വേരുകള്‍ പോലെ,  എന്‍റെ ആത്മാവിന്‍ നിഖൂഡതയില്‍ ആഴ്ന്നിറങ്ങിയ, ഒരു പക്ഷെ നിനക്ക് മാത്രം വ്യാഖ്യാനിക്കാന്‍ കഴിയുന്ന ഒരു വികാരമുണ്ട്‌. .. നിനക്ക് മാത്രമായി...

 ഈ സമ്പന്നയായ നാട് ഒരു ആതിഥേയയുടെ സ്നേഹാന്വേഷണങ്ങളോടെ  ഒരു അതിഥിയുടെ ഔപുചാര്യതയോടെകൂടെ ഞാനും...
ഈ കാറ്റിനും,  കടലിനും,     മണ്ണിനുമൊക്കെ എന്തൊക്കെയോ കുറവുകള്‍ ഉള്ളതുപോലെ...
ഈ സ്നേഹത്തിനു ഉഷ്ണകാറ്റിന്‍  ഊശ്മളതയില്ല, ഈ കണ്ണീരില്‍ ത്യാഗത്തിന്‍റെ കയ്പ്പുരസമില്ല,  ഈ കടലിനു വേദനയുടെ ആഴങ്ങളില്ല,  ഈ മണ്ണിനു പറയാന്‍ സംസ്ക്കാരങ്ങളുടെ കഥകളില്ല, ഈ കാറ്റിന് അമ്മയുടെ വിയര്‍പ്പിന്‍ ഗന്ധമില്ല,ഇവിടെ ബന്ധങ്ങളുടെ സ്വര്‍ണ്ണനൂലിഴകള്‍ അഴിയാത്ത ബന്ധനങ്ങള്‍ തീര്‍ക്കുന്നില്ല. ഈ നാട്,   എത്ര സ്വന്തമാക്കിയാലും    സ്വന്തമാകാത്തതു പോലെ, എത്ര  സ്നേഹിക്കാന്‍ ശ്രേമിച്ചാലും സ്നേഹിക്കപെടാത്തതു പോലെ, വേര്‍തിരിച്ചു നിര്‍ത്തുന്ന എന്തോ ഒന്ന് എന്നില്‍?

ഭുമിയും ആകാശവും പോലെ,രാവും പകലും പോലെ,   സമാന്തര രേഖകള്‍ പോലെ ഒരിക്കലും ഒന്നാകാത്ത സംസ്കാരങ്ങള്‍ ആയിരിക്കാം... അല്ലെങ്കില്‍ എന്‍റെ ആത്മാവിന്‍ ആഴങ്ങളില്‍ അനിര്‍വചനീയമായ ആ വികാരം പകുത്ത എന്‍റെ ഹൃദയത്തിന്‍റെ സ്വാര്‍ത്ഥയാകാം...

Tuesday, August 24, 2010

ഉരുകുന്ന മെഴുകുകള്‍..


മെഴുകുതിരികള്‍... ആര്‍ക്കോ വേണ്ടി ഉരുകി ഒടുങ്ങുന്ന നിശബ്ദമാം വെളിച്ചങ്ങള്‍... സ്വന്തം ഹൃദയം ഉരുക്കി,ആ വേദനയാകും ത്യാഗം തന്‍റെ മൌനത്തിനു അലങ്കാരമാക്കി, ഒരു നനുത്ത പുഞ്ചിരിപോലെ ആ നേര്‍ത്ത നാളങ്ങള്‍... നിശബ്ദതയുടെ ശക്തി എന്നാല്‍ ഇതായിരിക്കാം....

നമ്മുടെ ജീവിതത്തിലും ഇതുപോലെ എത്ര മെഴുകുതിരിനാളങ്ങള്‍...
നാം പലപ്പോഴും അറിയാതെ പോകുന്നു... ആ സ്നേഹമാകും നറുവെളിച്ചത്തില്‍ അടങ്ങിയ നിശബ്ദമാം ത്യാഗത്തിന്‍റെ നൊമ്പരങള്‍...

"ഒരു കൂരിരുട്ടിന്‍റെ അകതാരിലെവിടയോ-
മൌനമായ് എരിയുമൊരു മെഴുതിരി നാളം ഞാന്‍
എരിയുന്ന വേദനയില്‍ മെഴുകായ് ഉറഞ്ഞു ഞാന്‍
പ്രഭായായ് വിടര്‍ന്നു ഞാന്‍ ശിഥിലമായ്....മൂകമായ്..."


"ഇരുളിന്‍റെ ദാസിയായ്‌ കനലെരിയും ഹൃദയത്താല്‍
ഒരു ത്യാഗം നിശബ്ദമാം വെളിച്ചമായ്‌ പരക്കവെ...
ഒരു കനവു കവിതയായ്‌ വിടരുന്നു വീണ്ടും...
ഒരു തിരിനാളമായ് ഞാന്‍ തെളിയുന്നു വീണ്ടും..."


"ഒരു ദിവാകിരണത്തിന്‍ ആര്‍ദ്രമാം ശോണിഭയില്‍
നീ അറിയാതെ മയങ്ങി ഞാന്‍ നിന്‍ മറവിതന്‍ മടിത്തട്ടില്‍
ഒരു തേങ്ങള്‍ മൌനമായ് മെഴുകായ് ഉറഞ്ഞുവോ?
ഒരു നാളം നേര്‍ത്തു നറു മിഴിനീരില്‍ അണഞ്ഞുവോ?


"ഒരു വേള ഇരവിന്‍റെ ഇരുണ്ട കാരാഗ്രഹത്തില്‍..
തിരയാം നീ വിസ്മൃതിതന്‍ ചിതല്‍പ്പുറ്റില്‍ എന്നെയും...
നിന്‍ അന്തരാത്മാവില്‍ എരിഞ്ഞടങ്ങാനായി...
തെളിയാം ഞാന്‍ വീണ്ടുമൊരു നേര്‍ത്ത തിരിനാളമായ്..."



"നിശബ്ദമായ ത്യാഗമാണ് യഥാര്‍ഥവും ശക്തവും പവിത്രവും ഉത്കൃഷ്ടവുമായ സ്നേഹം"

Wednesday, August 18, 2010

ഗുരുദക്ഷിണ

എനിക്ക് അപരിചിതമായിരുന്ന അക്ഷരലോകതിലേക്കെന്നെ നയിച്ച പ്രിയപ്പെട്ടെ എന്‍റെ ഗുരുക്കന്മാരെ.... നിങ്ങളെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ഞാന്‍ എന്‍റെ നീലാന്ജനപൂക്കള്‍ക്ക് ആദ്യക്ഷരി കുറിക്കട്ടെ...

എന്‍റെ ചിന്തകള്‍ അക്ഷരങ്ങളായി വിടരുമ്പോള്‍ അവയിലെല്ലാം നിങ്ങളുടെ അനുഗ്രഹമാകും നറുതേന്‍ നിറയ്ക്കേണമേ ‌ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു എന്‍റെ ഈ അക്ഷരപൂക്കള്‍ നിങ്ങള്‍ക്കായി സമര്പിക്കട്ടെ....
                                                 

                                   ഓര്‍മ‍കല്‍ ചാലിച്ച മങ്ങിയ ചിത്രങ്ങളിലെ എന്‍റെ ആദ്യ വിദ്യാലയത്തില്‍ നിന്നും അമ്മയ്ക്കൊപ്പം TC വാങ്ങി പടി ഇറങ്ങുമ്പോള്‍ ഏതോ ഒരു ഉള്‍വിളി പോലെ പിന്തിരിഞ്ഞു, പടികലോടി കയറി യാത്ര അയക്കാന്‍ നിന്ന ലൂസി സിസ്റ്ററിന്‍റെ ‍കാല്‍ക്കല്‍ വീണു കുമ്പിടുന്ന പത്തു വയസുകാരിയുടെ ഗുരുഭക്തി......മനംനിറഞ്ഞു അനുഗ്രഹിച്ചതിന്‍റെ ആത്മ നിര്‍വൃതിയില്‍ ഉതിര്‍ന്ന അശ്രുകണങള്‍ ആ പാതുകങ്ങളേ ‍തഴുകി ചിതറി........

ഒരുപക്ഷെ അതായിരിക്കാം ആദ്യമായി ഗുരുവില്‍ നിന്നും എനിക്ക് നേരിട്ടു ലഭിച്ച വരപ്രസാദം....എന്‍റെ യഥാര്‍ത്ഥ ഗുരു പൂജയും...